Friday, September 24, 2010

വരുന്നു ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9

ഇന്റര്‍നെറ്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ആയിരിക്കും ഒരു പക്ഷെ നമ്മുടെ മനസ്സില്‍ തെളിയുക. അതിന് ഒരു കാരണവുമുണ്ട്. ഇന്റര്‍നെറ്റ് ഇത്രയും ജനകീയമായത് മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ വരവോടെയാണ്. മിക്കവരും ഇന്റര്‍നെറ്റ് ഉപയോഗിച്ച് തുടങ്ങുന്നതും ഇന്റര്‍നെറ്റ് എക്സ്പ്ലോറററിലൂടെയായിരിക്കും.

വിന്‍ഡോസ് 95 ന്റെ വരവോടെ നിലവിലുണ്ടായിരുന്ന നെറ്റ്സ്കേപ് അടക്കമുള്ള മറ്റ് ബ്രൌസിങ്ങ് സോഫ്റ്റ്വെയറുകളെയെല്ലാം പിന്തള്ളിയാണ് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ബ്രൌസറുകളില്‍ രാജാവായത്. ഇപ്പോഴും ആ സ്ഥാനം നിലനില്‍ക്കുന്നു എന്നുതന്നെ പറയാം. 95% ആളുകളും ബ്രൌസിങ്ങിനായി ഇന്റര്‍നെറ്റ് എക്സ്പ്ലോററാണ് ഉപയോഗിച്ചിരുന്നത്.

സുരക്ഷിതത്വത്തിലുള്ള പോരായ്മകളും, വൈറസ് ആക്രമണത്തെ കാര്യക്ഷമമായി ചെറുത്തുനില്‍ക്കാനുള്ള കെല്‍പ്പില്ലാതെ വന്നതും ചിലരെയെങ്കിലും മറ്റ് ബ്രൌസറുകള്‍ ഉപയോഗിക്കുവാന്‍ പ്രേരിപ്പിച്ചു. വിഡോസ് എക്സ്പിയോടൊപ്പം വന്ന എക്സ്പ്ലോറര്‍ 6 ഇക്കാര്യത്തില്‍ വലിയ വെല്ലുവിളികള്‍ നേരിട്ടു. അവസരം മുതലെടുത്ത മോസില്ല ഫയര്‍ഫോക്സ്, എക്സ്പ്ലോററിന്റെ എതിരാളിയായി. ഗൂഗിള്‍ക്രോം വന്നതോടെ ബ്രൌസര്‍ രംഗത്ത് മത്സരം ശക്തമായി. ഇന്റര്‍നെറ്റ് എക്സ്പ്ലോററിന്റെ ഉപയോഗം ഗണ്യമായി കുറയുവാന്‍ തുടങ്ങി. ഏകദേശം 55%.

വിസ്റ്റ, വിന്‍ഡോസ് 7 എന്നിവയിലൂടെ പരിഷ്കരിച്ച എക്സ്പ്ലോറര്‍ പതിപ്പുകള്‍ (Explorer 7, Explorer 8) മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. പഴയ എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നവര്‍ക്ക് അപ്ഗ്രേഡ് ചെയ്യുവാനും അവസരം നല്‍കി. എക്സ്പ്ലോററിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു. ഇപ്പോള്‍ 60% ആളുകള്‍ ബ്രൌസിങ്ങിന് ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. ബാക്കിയുള്ള 40% ആളുകള്‍ മറ്റ് വെബ്ബ് ബ്രൌസറുകളായ ഫയര്‍ഫോക്സ്, ഗൂഗിള്‍ക്രോം, സഫാരി, ഒപേറ എന്നിങ്ങനെയുള്ള മറ്റ് ബ്രൌസറുകള്‍ ഉപയോഗിക്കുന്നു.

എക്സ്പ്ലോററിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ‘ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 9’ റിലീസിന് തയ്യാറാവുകയാണ്. ഡെമോ വേര്‍ഷന്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഇവിടെനിന്നും ഡെമോ വേര്‍ഷന്‍ ഫ്രീയായി ഡൌണ്‍ലോഡ് ചെയ്യാം.


പുതിയ വേര്‍ഷനില്‍ എക്സ്പ്ലോററിന്റെ രൂപ ഭാവങ്ങള്‍ ആകെ മാറി. ടൂള്‍ മെനു, ടാബുകളോട് ചേര്‍ന്ന് വലതു വശത്ത് മുകളിലായി ക്രമീകരിച്ചിരിക്കുന്നു. ഫേവറേറ്റ് ബട്ടണും, ഹോം ബട്ടണും ഇതിനോട് ചേര്‍ന്നിരിക്കുന്നു.

സ്ഥിരം സന്ദര്‍ശിക്കുന്ന വെബ് പേജുകള്‍ ടാസ്ക് ബാറില്‍ പിന്‍ ചെയ്യാം. അഡ്രസ്സ് ബാറിന്റെ ഇടത് വശത്തോ, വെബ്സൈറ്റ് ഐക്കണിലോ ക്ലിക്ക് ചെയ്ത്, ടാസ്ക് ബാറിലേയ്ക്ക് ഡ്രാഗ് ചെയ്താല്‍ വെബ് പേജ് പിന്‍ ചെയ്യാം.


ഡൌണ്‍ലോഡുകള്‍ ലിസ്റ്റ് ചെയ്ത് കാണിക്കുന്ന ഡൌണ്‍ലോഡ് മാനേജര്‍. ടാബ്ഡ് പേജിനെ, ടാബില്‍ ക്ലിക്ക് ചെയ്ത് എക്സ്പ്ലോററിന് പുറത്തേയ്ക്ക് ഡ്രാഗ് ചെയ്താല്‍ പുതിയ വിന്‍ഡോവില്‍ ലഭിക്കുന്ന ‘റ്റിയര്‍ ഓഫ് ടാബ്‘ പ്രൊപ്പര്‍ട്ടി. നവീകരിച്ച ടാബ് പേജ്. വെബ്സേര്‍ച്ചിങ്ങ് നല്‍കുന്ന അഡ്രസ് ബാര്‍ . ബ്രൌസ്രിന്റെ താഴെ തെളിഞ്ഞുവരുന്ന നോട്ടിഫിക്കേഷന്‍ ബാര്‍ . വീഡിയോ സ്ട്രീമിങ്ങിനെയും, ഗ്രാഫിക്സിനെയും ശക്തമായി പിന്തുണയ്ക്കുന്ന ബ്രൌസര്‍ പ്ലാറ്റ്ഫോം.

ഇത്രയും പ്രത്യേകതകളുള്ള എക്സ്പ്ലോറര്‍ 9, പക്ഷെ വിന്‍ഡോസ് എക്സ്പിയില്‍ പ്രവര്‍ത്തിക്കുകയില്ല. വിസ്റ്റയോ, വിന്‍ഡോസ് 7 നോ ആവശ്യമാണ്‍്. ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങുന്ന എക്സ്പ്ലോറര്‍ 9 നല്ല പ്രകടനം കാഴ്ചവെക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Copyright ©2010 - 2010 Emozhi.com. All Rights Are Reserved.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | cheap international calls